ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കാത്തതിന്റെ ചൊല്ലിയുള്ള പാകിസ്താൻ അവതാരകന്റെ ചോദ്യത്തിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. അതിർത്തികളിൽ സമാധാനം ഉറപ്പാക്കിയാൽ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ സാധ്യമാവുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബന്ധം പുനഃസ്ഥാപിക്കാൻ ആഭ്യന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിർത്തിയിലെ ആവർത്തിച്ചുള്ള സംഘർഷങ്ങളാണ് ഇന്ത്യ പാകിസ്താനിൽ കളിയ്‌ക്കാൻ വിസമ്മതിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
ടെൻ സ്പോർട്സിലെ ‘ഡ്രസ്സിംഗ് റൂം’ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശം. 2012-13 ൽ പാകിസ്ഥാൻ വൈറ്റ്-ബോൾ പരമ്പരയ്‌ക്കായി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇരു ടീമുകളും അവസാനമായി ഒരു ദ്വിരാഷ്‌ട്ര പരമ്പര കളിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ വ്യത്യാസങ്ങൾ കാരണം, ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ പാകിസ്താൻ സന്ദർശിക്കില്ലന് ഇന്ത്യ വ്യക്തമാക്കിയതോടെ രാജ്യത്തിന്റെ മത്സരങ്ങൾക്കായി ദുബായിയിൽ വേദി ക്രമീകരിക്കുകയായിരുന്നു .
അതേസമയം ന്യൂസിലൻഡിനോടും ഇന്ത്യയോടും നാണംകേട്ട തോൽവിയേറ്റുവാങ്ങിയ പാകിസ്താന്റെ ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾ അസ്തമിച്ചുഴിഞ്ഞു. ഈ വർഷാവസാനം നടക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യ-പാക് പോരാട്ടമാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. 2025 ലെ ഏഷ്യാ കപ്പ് വേദി ഇന്ത്യക്ക് അനുവദിച്ചിരുന്നുവെങ്കിലും നിലവിലെ ഇന്ത്യ -പാക് ധാരണ പ്രകാരം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) മത്സരങ്ങൾ ഒരു നിഷ്പക്ഷ രാജ്യത്ത് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വേദി അന്തിമമല്ലെങ്കിലും, ശ്രീലങ്കയും യുഎഇയും സാധ്യതയുള്ള ഓപ്ഷനുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.