ഐസിസി ടൂർണമെന്റുകളിൽ നീല കുപ്പായക്കാരെ കാണുമ്പോൾ അയാൾക്ക് ഹാലിളകുമെന്നാണ് ട്രോൾ പേജുകൾ പറയുന്നത്. കണക്കുകൾ നോക്കിയാൽ അത് സത്യവുമാണ്. ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഇന്ത്യക്ക് ഭീഷണയാകുന്നത് ഓസ്ട്രേലിയയുടെ തല തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ബോർഡർ-ഗവാസ്കാർ ട്രോഫിയിലും ആടിത്തകർത്ത ട്രാവിസ് ഹെഡിനെ 2023 ഏകദിന ലോകകപ്പിലും ഇന്ത്യക്ക് പിടിച്ചുകെട്ടാനായില്ല. അന്ന് ഇന്ത്യയുടെ മോഹങ്ങൾ തല്ലികെടുത്തി 120 പന്തിൽ 137 റൺസടിച്ച് കങ്കാരുക്കൾക്ക് കിരീടം സമ്മാനിച്ചു.
ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അയാൾ പ്രത്യേക ഫോമിലേക്ക് വരും എന്നു പറയുന്നതിനെ തള്ളിക്കളയാനാകില്ല. മൂന്ന് ഫോർമാറ്റുകളിലുമായി 1600 റൺസാണ് അയാൾ ഇന്ത്യക്കെതിരെ അടിച്ചുക്കൂട്ടിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നേടിയത് മൂന്ന് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറിയും. അടിച്ചത് 133 ഫോറുകളും 12 സിക്സും. ഇതും ഒരു ടീമിനെതിരെ നേടിയതിൽ ഏറ്റവും കൂടുതൽ. നോക്കൗട്ട് സ്റ്റേജുകളിൽ കത്തിക്കയറുന്ന ട്രാവിസ് ഹെഡും സ്ഥിരത പുലർത്തുന്ന ഓസ്ട്രേലിയൻ നിരയും ഫോമിലേക്കുയർന്നാൽ ദുബായിൽ ഇന്ത്യക്ക് വല്ലാതെ വിയർപ്പൊഴുക്കേണ്ടി വരും.















