ലഖ്‌നൗ: ധീര സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിന് കോൺഗ്രസ് നേതാവ് രാഹുലിന് പിഴ ചുമത്തി കോടതി. 2022-ൽ ഫയൽ ചെയ്ത കേസിലാണ് രാഹുലിന് കഴിഞ്ഞ ദിവസം കോടതി 200 രൂപ പിഴ ചുമത്തിയത്.
2024 ഡിസംബറിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലോക് വർമ്മ രാഹുൽ ഗാന്ധിയോട് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ല. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ അഭിഭാഷക സംഘം അപേക്ഷ നൽകി. ഇത് തള്ളിയ കോടതി അദ്ദേഹത്തിന് 200 രൂപ പിഴ ചുമത്തുകയും തുക പരാതിക്കാരന്റെ അഭിഭാഷകന് നൽകുമെന്നും അറിയിച്ചു. അടുത്ത വാദം കേൾക്കൽ ഏപ്രിൽ 14 ലേക്ക് മാറ്റി.
പ്രതിപക്ഷ നേതാവിന് വിദേശ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ, മറ്റ് ഷെഡ്യൂൾ ചെയ്ത പരിപാടികൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് രാഹുലിന്റെ അഭിഭാഷകർ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
2022 നവംബർ 17 ന് മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടെ സവർക്കറിനെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളാണ് മാനനഷ്ടക്കേസിന് കാരണമായത്. രാഹുൽ സവർക്കറെ മനഃപൂർവ്വം അപമാനിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ പരാതി നൽകി. സവർക്കറെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് കോൺഗ്രസ് നേതാവിന്റെ പരാമർശങ്ങളെന്ന് പരാതിക്കാരൻ ആരോപിച്ചു.