സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 പന്തിൽ 63 റൺസ് നേടിയ ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. ആക്രമണ ശൈലിയിൽ ഇന്നിംഗ്സിന് തുടക്കമിട്ട രചിൻ രവീന്ദ്രയുടെ (29 പന്തിൽ 37) മടക്കത്തോടെയാണ് ന്യൂസിലൻഡ് പരുങ്ങലിലായത്. വിൽ യംഗിനെ (15) പുറത്താക്കി വരുണാണ് ന്യൂസിലൻഡിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്.
പിന്നാലെ വന്നവരൊക്കെ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വെള്ളംകുടിച്ചു. പ്രതീക്ഷയാകുമെന്ന് കരുതിയ കെയ്ൻ വില്യംസണെയും (11), രചിൻ രവീന്ദ്രയെയും മടക്കിയത് ഇതുവരെ ഫോമാകാതിരുന്ന കുൽദീപ് യാദവായിരുന്നു. പത്തോവർ പന്തെറിഞ്ഞ കുൽദീപാണ് റൺസ് വിട്ടുകൊടുക്കുന്നതിൽ ഏറെ പിശുക്ക് കാട്ടിയത്. 47-ാം ഓവറുപോലും എറിയാനെത്തിയ താരം വഴങ്ങിയത് 40 റൺസ് മാത്രം.
ടോം ലാഥം 30 പന്തിൽ നേടിയത് 14 റൺസ്. താരത്തെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ബൗണ്ടറികൾ പോലും മരുഭൂമിയിലെ മഴയെന്ന പോലെയാണ് സംഭവിച്ചത്. ആക്രമണത്തിലേക്ക് വഴിമാറി സഞ്ചരിച്ച ഗ്ലെൻ ഫില്പിസിനെ (34) വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കിയതോട ന്യൂസിലൻഡ് ഇന്നിംഗ്സിന് വീണ്ടും വേഗം കുറഞ്ഞു. മൈക്കിൾ ബ്രേസ്വെല്ലാണ് ( 40 പന്തിൽ 53 ) കിവീസിന് ഭേദപ്പെട്ട സ്കോർ നൽകിയത്. 63 റൺസെടുത്ത മിച്ചലിനെ ഷമി ശർമയുടെ കൈയിലെത്തിച്ചു. ശൈലി മാറ്റി ആക്രമണത്തിന് മുതിർന്നപ്പോഴായിരുന്നു പുറത്താകൽ. ചക്രവർത്തിയും കുൽദീപും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ഷമിക്കും ജഡേജയ്‌ക്കും ഓരോ വിക്കറ്റ് ലഭിച്ചു.