മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടക്കമുള്ള ആഗോള നേതാക്കൾ സ്വീകരിച്ച നടപടികൾക്ക് നന്ദിയറിയിച്ച് റഷ്യ. അമേരിക്കയുടെ 30-ദിവസത്തെ യുക്രെയ്ൻ വെടിനിർത്തൽ കരാറിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
സംഘർഷം പരിഹരിക്കാൻ ട്രംപും നരേന്ദ്രമോദിയും ഉൾപ്പടെ വിവിധ ലോകനേതാക്കൾ നടത്തിയ “ശ്രേഷ്ഠമായ ദൗത്യത്തിന്” നന്ദിയുണ്ടെന്ന് പുടിൻ പറഞ്ഞു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പുടിന്റെ വാക്കുകൾ. ലക്ഷ്യം നേടിയെടുക്കാൻ ലോകനേതാക്കൾ നടത്തിയ എല്ലാ പരിശ്രമങ്ങൾക്കും റഷ്യ കൃതജ്ഞത രേഖപ്പെടുത്തി.
നമുക്കെല്ലാവർക്കും നിരവധി ആഭ്യന്തര കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതിനിടയിലും യുക്രെയ്‌ൻ വിഷയം ഒത്തുതീർപ്പാകുന്നതിന് ഇത്രയധികം ശ്രദ്ധ ചെലുത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് നന്ദിയെന്ന് പുടിൻ പറഞ്ഞു. ചൈനയുടെ പ്രസിഡന്റ്, ഇന്ത്യൻ പ്രധാനമന്ത്രി, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഈ വിഷയം കൈകാര്യം ചെയ്യുകയും അവരുടെ വിലപ്പെട്ട സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തു. ശത്രുത അവസാനിപ്പിക്കുകയെന്ന മഹത്തായ ദൗത്യം നടപ്പിലാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഈ നടപടികളെന്നും പുടിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടെന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യ “നിഷ്പക്ഷ” രാഷ്‌ട്രമല്ല, മറിച്ച് “സമാധാനത്തിന്റെ പക്ഷത്താണ്” ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഇത് യുദ്ധത്തിന്റെ യുഗമല്ല. യുദ്ധക്കളത്തിൽ പ്രശ്നപരിഹാരം സാധ്യമല്ലെന്നും മോദി ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരിയിലായിരുന്നു യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചത്. ഇതിനുശേഷം, പ്രധാനമന്ത്രി മോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും നിരവധി തവണ സംസാരിച്ചിരുന്നു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി സമ്മേളനത്തിനിടെ പുടിനെ മോസ്കോയിൽ വച്ച് കണ്ടപ്പോഴും, ഓഗസ്റ്റിൽ യുക്രെയ്‌നിലേക്ക് യാത്ര ചെയ്തപ്പോഴും ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലും സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.















