കൊച്ചി: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് മുനമ്പത്തെ ജനത ആരംഭിച്ച പ്രതിഷേധസമം തണുപ്പിക്കുന്നതിനായി എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമ സാധുതയില്ല. ഏറെ കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച മുനമ്പം കമ്മീഷന്റെ നിയമനം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.
കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും നിലവിലെ വഖ്ഫ് നിയമമനുസരിച്ച് മുനമ്പം വിഷയത്തിൽ വഖ്ഫ് ബോർഡിനാണ് പരമാധികാരമെന്ന നിരീക്ഷണമാണ് കോടതി സ്വീകരിച്ചത്. വഖ്ഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വഖ്ഫ് ബോർഡാണെന്ന നിയമമാണ് ഇപ്പോഴുമുള്ളത് എന്നിരിക്കെ മുനമ്പം ജുഡീഷ്യൽ കമ്മീഷന് സാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യാന്ത്രികമായാണ് സർക്കാർ പ്രവർത്തിച്ചതെന്നും യുക്തിസഹമായ നിയമനമല്ല കമ്മീഷന്റേതെന്നും കോടതി നിരീക്ഷിച്ചു.
മുനമ്പത്തെ പ്രതിഷേധം വിലങ്ങുതടിയായപ്പോൾ സമരക്കാരുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ നിയോഗിച്ച കമ്മീഷനാണിതെന്ന് നേരത്തെ വിമർശനങ്ങളുയർന്നിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച സമയമായിരുന്നതിനാൽ മുനമ്പം വിഷയം സർക്കാരിന് തിരിച്ചടിയാകുമെന്ന ഭയം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സമരക്കാരെ തണുപ്പിക്കുന്നതിനായി സർക്കാർ കമ്മീഷനെ നിയമിച്ചത്. കമ്മീഷനെ നിയമിച്ചതുകൊണ്ട് തങ്ങളുടെ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് സമരസമിതി അന്നേ അഭിപ്രായപ്പെട്ടിരുന്നതാണ്. ഈ സാഹചര്യത്തിലാണ് നിയമവശങ്ങൾ പരിഗണിച്ച കോടതി കമ്മീഷന്റെ സാധുത റദ്ദാക്കിയത്.
കമ്മീഷനെ റദ്ദാക്കിയ സാഹചര്യത്തിലും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുനമ്പം സമരസമിതി. മുമ്പത്തെ ജനങ്ങളോട് ചോദിച്ചിട്ടല്ല സർക്കാർ കമ്മീഷനെ നിയമിച്ചതെന്നും നീതി നൽകേണ്ടത് സർക്കാർ തന്നെയാണെന്നും സരമസമിതി ചൂണ്ടിക്കാട്ടി. മുനമ്പത്തെ പ്രശ്നം വലിച്ചുനീട്ടാനാണ് കമ്മീഷനെ നിയോഗിച്ചത്. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും സമരസമിതി ആവശ്യപ്പെട്ടു.
നിയമനം റദ്ദാക്കിയതിൽ മറുപടി പറയേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കമ്മീഷനെ നിയമിച്ചതും കോടതിയിൽ ന്യായീകരിച്ചതും സർക്കാരാണെന്ന് ജസ്റ്റിസ് പറഞ്ഞു. കമ്മീഷൻ നിയമനം റദ്ദാക്കിയ കോടതി നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.















