ന്യൂഡൽഹി: ആനയെഴുന്നള്ളത്തിന് എതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് നിർത്തലാക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടേതാണ് അഭിപ്രായം.
നാട്ടാനകളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ടും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തിലും ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നിലനിൽക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയിൽ രണ്ടുഹർജികൾ എത്തിയത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഹർജികളാണിത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പൂർണമായി സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ഫർ ഹർജിയായിരുന്നു ഇരുദേവസ്വങ്ങളും സമർപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ ജസ്റ്റിസ് ബിവി നാഗരത്ന അദ്ധ്യക്ഷനായ ബെഞ്ച് താത്പര്യം പ്രകടിപ്പിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാലാണിത്. തുടർന്ന് ദേവസ്വങ്ങൾ ഹർജി പിൻവലിക്കുകയും ചെയ്തു.
ഇതേസാഹചര്യത്തിലാണ് വിശ്വഗജസേവാ സമിതി മറ്റൊരു ഹർജി സുപ്രീംകോടതിക്ക് നൽകിയത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ 2 ജഡ്ജിമാർക്ക് മൃഗസംഘടനകളുമായി ബന്ധമുണ്ടെന്നും നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഉത്സവങ്ങൾ തടയാൻ വിദേശഫണ്ടിംഗ് വരുന്നുണ്ടെന്നും ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അന്വേഷണം വേണമെന്നും വിശ്വഗജ സേവാസമിതി ഹർജിയിൽ പറയുന്നുണ്ട്. ഈ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിർണായക നിരീക്ഷണം നടത്തിയത്.
സംസ്കാരത്തിന്റെ ഭാഗമാണ് ആനയെഴുന്നള്ളിപ്പ്. അത് തടയാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. നാട്ടാനകളുടെ സർവേ എടുക്കുന്നതിന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു.