ന്യൂഡൽഹി: യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുൾസി ഗബ്ബാർഡിനോട് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന റെയ്സീന ഡയലോഗിൽ പങ്കെടുക്കാനാണ് ഗബ്ബാർഡ് ഇന്ത്യയിലെത്തിയത്.
ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്നും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തുവെന്നും രാജ്‌നാഥ് സിംഗ് എക്സിൽ കുറിച്ചു. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അമേരിക്കയിലുള്ള ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണങ്ങളെ കുറിച്ചുള്ള ആശങ്കകളും രാജ്നാഥ് സിംഗ് പങ്കുവച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തുൾസി ഗബ്ബാർഡ് കൂടിക്കാഴ്ച നടത്തി. യുഎസും ഇന്ത്യയും തമ്മിലുള്ള രഹസ്യവിവരങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നു.
രഹസ്യാന്വേഷണ വിഭാഗം മേധാവിമാരുടെ കോൺക്ലേവിൽ തുൾസി ഗബ്ബാർഡ് പങ്കെടുത്തു. ഭീകരത, സാങ്കേതികവിദ്യകളുടെ ദുരുപയോഗം മൂലമുള്ള ഭീഷണികൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. യുകെ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം മേധാവികളും കോൺക്ലേവിൽ പങ്കെടുത്തിരുന്നു.