ക്രിക്കറ്റ് മത്സരങ്ങളിൽ താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. വിദേശ പര്യടനത്തിനിടെ കളിക്കാർക്ക് അവരുടെ കുടുംബങ്ങളെ കൂടുതൽ കാലം കൂടെ കൊണ്ടുപോകണമെങ്കിൽ അനുമതിക്കായി അപേക്ഷിച്ചാൽ മതിയാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം കൊണ്ടുവന്ന 10 കർശന നിയന്ത്രണങ്ങൾക്കെതിരെ അടുത്തിടെ വിരാട് കോലി നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിസിസിഐ തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്.
“കുടുംബാംഗങ്ങൾ കൂടുതൽ കാലം താരങ്ങൾക്കൊപ്പം തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ കളിക്കാർക്ക് അനുമതിക്കായി അപേക്ഷിക്കാം. ബിസിസിഐക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ തീരുമാനമെടുക്കും”ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
നിയന്ത്രണങ്ങൾ പ്രകാരം വിദേശ പര്യടനത്തിൽ കുടുംബങ്ങൾക്ക് കളിക്കാരോടൊപ്പം ചെലവഴിക്കാൻ അനുവാദമുള്ള സമയം പരിമിതപ്പെടുത്തിയിരുന്നു . എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ നിയന്ത്രങ്ങൾക്കെതിരെ കോലി രംഗത്തുവന്നു. ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളിൽ കളിക്കാർക്ക് അവരുടെ പ്രിയപ്പെട്ടവർ അടുത്തുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. അതേസമയം, താരങ്ങൾ കുടുംബ സമേതം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവും അനുകൂലിച്ചു.
അടുത്തിടെ സമാപിച്ച ചാമ്പ്യൻസ് ട്രോഫിയിൽ, വിരാട് കോലി, രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾ ദുബായിൽ അവരുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചത്. ടീം ഹോട്ടലിൽ കഴിയാത്തതിനാൽ താമസത്തിനുള്ള ചെലവുകൾ താരങ്ങൾ സ്വയം വഹിക്കുകയായിരുന്നു.