മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തിൽ കഴുത്തിന് വെടിയേറ്റ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഉത്സവത്തിനിടെ രണ്ട് പ്രദേശത്തെ ആളുകൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുഖ്മാന് കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല. സംശയം തോന്നിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്‌ത് വരികയാണ്. ചിലർ ആളുകൾക്ക് നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ചതായും ആരോപണമുണ്ട്. ഉത്സവത്തിന് രണ്ടാഴ്‌ച മുൻപും പ്രദേശത്ത് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ന് പുലർച്ചെയുണ്ടായ സംഭവമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.