ന്യൂഡൽഹി: 2014 മുതൽ ഇതുവരെയുള്ള പത്ത് വർഷകാലയളവിനുള്ളിൽ വിദേശ ജയിലുകളിൽ കഴിഞ്ഞ 10,000 ഇന്ത്യൻ പൗരന്മാരുടെ മോചനം ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. യുഎഇയിലെ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും പുതിയ ഉദാഹരണം. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ആഗോള നേതാക്കളുമായി പ്രധാനമന്ത്രി മോദി കെട്ടിപ്പടുത്ത വ്യക്തിപരമായ ബന്ധങ്ങളുമാണ് ഇത് സാധ്യമാക്കിയതെന്നും വിദേശകാര്യമന്ത്രലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
2014-ൽ ആദ്യമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേൽക്കുമ്പോൾ വിദേശ ജയിലുകളിലെ ഇന്ത്യക്കാരുടെ എണ്ണം 10,000 കവിഞ്ഞിരുന്നു. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ഈ വിഷയം മുൻഗണനാക്രമത്തിൽ പരിഹരിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. നയതന്ത്രത്തിലൂടെയും എംബസികളുടെയും കോൺസുലേറ്റുകളുടെയും ശൃംഖലയിലൂടെയും വിദേശകാര്യ മന്ത്രാലയം അത്തരം നിരവധി വ്യക്തികളുടെ മോചനം ഉറപ്പാക്കി. ആഗോള നേതാക്കളുമായി ബന്ധം കെട്ടിപ്പടുത്തിട്ടുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളും ചില ഫലവത്തായ ചർച്ചകളും ഇതിന് സഹായകമായി.
ഇക്കാലയളവിനുള്ളിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാൻ, ബഹ്‌റൈൻ, കുവൈറ്റ്, ശ്രീലങ്ക, പാകിസ്താൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമായി. തടവുകാരിൽ പലരും അറിയാതെ അയൽരാജ്യത്തിന്റെ സമുദ്രാതിർത്തിയിലേക്ക് കടന്ന മത്സ്യത്തൊഴിലാളികൾ, അബദ്ധത്തിൽ അടയാളപ്പെടുത്താത്ത അതിർത്തി പോസ്റ്റ് കടന്ന ഗ്രാമീണർ, അബദ്ധത്തിൽ വിസ കാലാവധി കഴിഞ്ഞ യാത്രക്കാർ എന്നിങ്ങനെ നിസാര കാരണങ്ങളാൽ ജയിലിലടയ്‌ക്കപ്പെട്ടവരായിരുന്നു.















