കൊൽക്കത്ത: ദേശീയ പതാകയെ അപമാനിച്ച് പശ്ചിമ ബംഗാളിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രകടനം. ദേശീയ പതാകയിലെ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങൾ എഴുതിച്ചേർത്താണ് പ്രകടനം. കഴിഞ്ഞ ദിവസം മാൾഡയിൽ ഹിന്ദുക്കളുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്ന രീതിയിലാണ് ഇപ്പോൾ മെദനിപ്പൂരിൽ ദേശീയപതാകയെ അവഹേളിച്ച് തെരുവിൽ പ്രകടനം നടത്തിയത്.
ദേശീയ പതാകയിൽ നിന്നും അശോക ചക്രത്തെ ഒഴിവാക്കി പകരം ഇവിടെ ഒരു വാളിന്റെ ചിത്രവും ഇതിന് മുകളിലായി അല്ലാഹുവിനെ പരാമർശിച്ചുളള വാചകവും കുറിച്ചിരുന്നു. അല്ലാഹുവാണ് ഏകദൈവം എന്നർത്ഥം വരുന്ന അറബി വാചകമാണ് കുറിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളിൽ പശ്ചിമ ബംഗാളിന്റെ നിരവധി പ്രദേശങ്ങളിൽ ഹിന്ദു വിരുദ്ധ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
മാൾഡയിൽ ക്രമസമാധാനം പൂർണമായി തകർന്നുവെന്നും പ്രദേശത്ത് സൈന്യത്തെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിന്റെ പ്രതിപക്ഷ നേതാവ് ഗവർണർ സിവി ആന്ദബോസിനെ സമീപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ ഇതുവരെയും കുറ്റവാളികൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മമത സർക്കാർ നടത്തുന്നത് ന്യൂനപക്ഷ പ്രീണനമാണെന്നും ക്രമസമാധാനം തകർന്നിട്ടും പൊലീസിനെ നോക്കുകുത്തികളായി നിർത്തുകയാണെന്നും ബിജെപി ആരോപിച്ചു.