ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അപൂർവ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസിന്റെ യുവ പേസർ അശ്വനി കുമാർ. കഴിഞ്ഞ ദിവസം വാങ്കഡേയിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയുടെ 116 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 7 ഓവർ ബാക്കി നിൽക്കെ എട്ട് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. കൊൽക്കത്തയെ എറിഞ്ഞൊതുക്കിയ മുംബൈ ബൗളർമാരിൽ തിളങ്ങിയത് ഇടം കയ്യൻ പേസറായ അരങ്ങേറ്റക്കാരൻ അശ്വനി കുമാറായിരുന്നു. മൂന്ന് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് നിർണായക വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ആദ്യ ഐപിൽ മത്സരത്തിലെ വിക്കറ്റ് നേട്ടത്തിനൊപ്പം മറ്റൊരു അപൂർവ റെക്കോർഡും അശ്വനി കുമാറിനെ തേടിയെത്തി. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളറായി തരാം മാറി. 2009 ൽ രാജസ്ഥാൻ റോയൽസിനായി 9 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അമിത് സിംഗിന്റെ റെക്കോർഡാണ് അശ്വനി മറികടന്നത്.
എറിഞ്ഞ ആദ്യപന്തിൽ തന്നെ കൊൽക്കത്ത ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയുടെ വിക്കറ്റ് വീഴ്‌ത്തിയായിരുന്നു യുവതാരത്തിന്റെ തുടക്കം. പിന്നാലെ റിങ്കു സിംഗിന്റെയും മനീഷ് പാണ്ഡെയെയും ആന്ദ്രേ റസലിനെയും കൂടി പുറത്താക്കി കൊൽക്കത്തയുടെ ബാറ്റിംഗ് നിരയെ തകർത്തു. നാല് വിക്കറ്റ് നേടിയ അശ്വനി കുമാർ ആയിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും. പഞ്ചാബിലെ മൊഹാലി സ്വദേശിയായ താരം അടിസ്ഥാനവിലയായ 30 ലക്ഷത്തിനാണ് മുംബൈ ടീമിലെത്തിയത്.