2025 ലെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) മുൻ നായകൻ ധോണിയുടെ ബാറ്റിംഗ് പൊസിഷൻ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 43 കാരനായ ധോണി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതോടെയാണിത്. രാജസ്ഥാൻ റോയൽസിനെതിരെ സിഎസ്‌കെയുടെ തുടർച്ചയായ രണ്ടാം തോൽവിക്ക് ശേഷം, സ്റ്റീഫൻ ഫ്ലെമിംഗ് ഈ വിഷയത്തിൽ വിശദീകരണം നൽകി.
മുംബൈയ്‌ക്കെതിരായ മത്സരത്തിൽ എട്ടാം നമ്പറിലും ആർസിബിക്കെതിരെ ഒൻപതാം നമ്പറിലും രാജസ്ഥാനെതിരെ ഏഴാം നമ്പറിലുമായിരുന്നു ധോണി ബാറ്റിംഗിനിറങ്ങിയത്. ആർസിബിക്കും രാജസ്ഥാനുമായുള്ള മത്സരങ്ങളിൽ ധോണി ഇപ്പോഴും വലിയ ഷോട്ടുകൾ അടിക്കാൻ കഴിയുമെന്ന് തെളിയിച്ചു. എന്നിട്ടും എന്തുകൊണ്ട് താരത്തെ ബാറ്റിംഗ് ഓർഡറിൽ ആദ്യ അഞ്ചിൽ പരിഗണിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം. ഒടുവിൽ ഈ വിഷയത്തിൽ പ്രതികരിച്ച സിഎസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ധോണിക്ക് ഇനി 10 ഓവറിൽ കൂടുതൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ശരീരവും കാൽമുട്ടുകളും അതിന് അനുവദിക്കില്ലെന്നും വെളിപ്പെടുത്തി.
“അതെ, അത് കാലത്തിന്റെ കാര്യമാണ്. എംഎസിന് അതറിയാം. അദ്ദേഹം ആകിടീവ് ആണെങ്കിലും കാൽമുട്ടുകൾ പഴയതുപോലെയല്ല. 10 ഓവർ ഫുൾ സ്റ്റിക്കായി ബാറ്റ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ ഓരോ മത്സരത്തിലെയും സാഹചര്യങ്ങൾ അനുസരിച്ചാണ് അദ്ദേഹം എപ്പോൾ ബാറ്റിംഗിനിറങ്ങണമെന്ന് നിശ്ചയിക്കുന്നത്,” ഫ്ലെമിംഗ് പറഞ്ഞു.
43 വയസുള്ള ധോണി, ഐപിഎൽ കളിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനും ഏറ്റവും പ്രായം കൂടിയ വിക്കറ്റ് കീപ്പർ ബാറ്ററുമാണ്. 2020 ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ 2019 ൽ ആണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത് .















