അബുദാബി: ദുബായിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വരുന്നു അതിവേഗ അണ്ടർ വാട്ടർ ട്രെയിൻ. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വെറും രണ്ട് മണിക്കൂർ കൊണ്ട് ദുബായിയിൽ നിന്ന് മുംബൈയിൽ എത്താൻ സാധിക്കും. മണിക്കൂറിൽ 600 കിലോമീറ്റർ മുതൽ 1,000 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും അണ്ടർ വാട്ടർ ട്രെയിൻ സഞ്ചരിക്കുന്നത്.
യാത്രക്കാരെ മാത്രമല്ല, കൂറ്റൻ ചരക്കുകളും ട്രെയിനിൽ കൊണ്ടുപോകാനാകും. യുഎഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് പദ്ധതി അവതരിപ്പിച്ചത്. യുഎഇയിൽ നിന്ന് ഇന്ത്യയിലെത്താൻ വിമാനത്തിൽ നാല് മണിക്കൂറാണ് വേണ്ടത്. എന്നാൽ അണ്ടർ വാട്ടർ ട്രെയിൻ വരുന്നതോടെ രണ്ട് മണിക്കൂറായി ചുരുങ്ങും.
ചരക്ക് കൊണ്ടുപോകുന്നതിനും അനുയോജ്യമായ അണ്ടർ വാട്ടർ ട്രെയിൻ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുകയും ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഇത് സഹായകമാണ്.
യാത്രക്കാർക്ക് ആഴക്കടലിലെ കാഴചകൾ ആസ്വദിക്കാനാകുന്ന തരത്തിലാണ് അണ്ടർ വാട്ടർ ട്രെയിൻ ഒരുക്കുന്നത്. 2,000 കിലോമീറ്റർ ദൂരത്തിലാണ് ദുബായ്- മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അണ്ടർ വാട്ടർ പാത വരുന്നത്. 2030- ഓടെ പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് നിഗമനം.













