ജയ്പൂർ : കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായിയായ ആദിത്യ ജെയിനെ യുഐഇയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. രാജസ്ഥാൻ പൊലീസും സിബിഐ ഉദ്യോഗസ്ഥരും ചേർന്നാണ് ബിഷ്ണോയി സംഘാംഗത്തെ ഇന്ത്യയിലെത്തിച്ചത്. ഇന്റർനാഷണൽ പൊലീസ് സഹകരണ യൂണിറ്റ് (ഐപിസിയു), സിബിഐ, അബുദാബി എൻസിബി , രാജസ്ഥാൻ പൊലീസ് എന്നിവയുടെ സംയുക്ത ശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്.
രാജസ്ഥാനിലെ കുചമാൻ സ്വദേശിയാണ് ആദിത്യ ജെയിൻ. ബിഷ്ണോയി സംഘത്തിലെ പ്രധാനിയായിരുന്നു ജെയിനെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ലോറൻസ് ബിഷ്ണോയിയും രോഹിത് ഗോദാരയും നടത്തിയിരുന്ന കൊള്ളയടിക്കൽ റാക്കറ്റിലും ഇയാൾ പങ്കാളിയായിരുന്നു. കൊള്ളയടിക്കൽ, ആയുധങ്ങൾ കൈവശം വയ്‌ക്കൽ, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത് തുടങ്ങിയ ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രമുഖ വ്യവസായികളെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യൽമീഡിയയിലൂടെ കബിളിപ്പിച്ച് പണം തട്ടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാട്സ്ആപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ ഇവർ ഇതിനായി ഉപയോഗിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പരാചയപ്പെട്ട സാഹചര്യങ്ങളിൽ ആളുകളെ കൊലപ്പെടുത്താനും ബിഷ്ണോയി സംഘം ഗൂഢാലോചന നടത്തിയിട്ടുണ്ട്.
അക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം സംഘം ഇത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഇതും രാജസ്ഥാൻ പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഫെബ്രുവരി 18 -നാണ് ജെയിനെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.















