ചെപ്പോക്കിൽ ടെസ്റ്റ് കളിച്ച ചെന്നൈക്ക് വീണ്ടും തോൽവി. ഡൽഹി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം മറികടക്കാൻ ചെന്നൈ ഒരുഘട്ടത്തിലും ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഡൽഹിയുടെ കണിശതയാർന്ന ബൗളിംഗും അതിനൊരു കാരണമായി. 25 റൺസിന്റെ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. നേരത്തെ കെ.എൽ രാഹുലിന്റെ അർദ്ധശതകമാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ രണ്ടാം ഓവറിൽ തന്നെ രചിൻ രവീന്ദ്രയെ മുകേഷ് കുമാർ വീഴ്‌ത്തി. മൂന്ന് റൺസായിരുന്നു സമ്പാദ്യം. തൊട്ടുപിന്നാലെ ഋതുരാജ് ഗെയ്ക്വാദിനെ(5) സ്റ്റാർക്കും കൂടാരം കയറ്റി. ആദ്യമായി അവസരം ലഭിച്ച കോൺവെയും (13) നിരാശപ്പെടുത്തി.
താളം കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടിയ വിജയ് ശങ്കർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല ജയത്തിന്. 43 പന്തിലാണ് താരം 50 തികച്ചത്. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി ദുബെ(18) ഒരു ഇംപാക്ടും കാണിക്കാതെ മടങ്ങി. വിപ്രജ് നിഗത്തിനായിരുന്നു വിക്കറ്റ്. രണ്ടു റൺസെടുത്ത ജഡേജയെ ഡൽഹി എൽബിയിൽ കുരുക്കി. ഫിനിഷറായ ധോണിക്ക് ഇത്തവണയും തോൽവി കണ്ടുനിൽക്കാനുള്ള ഉത്തരവാദിത്തമേയുണ്ടായൂള്ളു. സ്റ്റാർക്ക്, മുകേഷ് കുമാർ കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ വിപ്രജ് നിഗത്തിന് രണ്ടു വിക്കറ്റ് ലഭിച്ചു. തോൽവി ഉറപ്പിക്കുമ്പോൾ 26 പന്തിൽ 30 റൺസ് നേടിയ ധോണിയും54 പന്തിൽ 69 റൺസ് നേടിയ വിജയ് ശങ്കറുമായിരുന്നു ക്രീസിൽ















