കൊൽക്കത്ത: കൊൽക്കത്തയിൽ രാമാനവമി ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണമുണ്ടായെന്ന് ബിജെപി. ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു ഭക്തരെ ആക്രമിച്ചതായും അവരുടെ വാഹനങ്ങൾ നശിപ്പിച്ചതായും ബിജെപി ആരോപിച്ചു. എന്നാൽ പ്രദേശത്ത് ഘോഷയാത്ര നടന്നിട്ടില്ലെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസ് ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
രാമനവമി ഘോഷയാത്ര തിരിച്ചുവരുന്നതിനിടെ കൊൽക്കത്തയിലെ പാർക്ക് സർക്കസ് സെവൻ പോയിന്റ് പ്രദേശത്ത് ഹിന്ദു ഭക്തരെ ക്രൂരമായി ആക്രമിച്ചുവെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു.
“കാവി പതാകകൾ കൊണ്ടുനടന്നതിന് മാത്രം വാഹനങ്ങൾക്ക് നേരെ കല്ലേറ്. വിൻഡ്ഷീൽഡുകൾ തകർന്നു. അരാജകത്വം അഴിച്ചുവിട്ടു. ഇത് യാദൃശ്ചികമായിരുന്നില്ല — ലക്ഷ്യം വച്ചുള്ള അക്രമമായിരുന്നു. പൊലീസ് എവിടെയായിരുന്നു? അവർ നട്ടെല്ലില്ലാത്ത നിശബ്ദമായി നോക്കിനിന്നു,” സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ബിജെപി നേതാവ് കുറിച്ചു.
സംഭവത്തിന്റെ ഒരു വീഡിയോ പങ്കുവെച്ച പശ്ചിമ ബംഗാൾ ബിജെപി, കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അവകാശപ്പെട്ടു. “മമത ബാനർജിയുടെ ദീർഘകാല ആഗ്രഹം സഫലമായതായി തോന്നുന്നു. കൊൽക്കത്തയുടെ ഹൃദയഭാഗത്ത് – പാർക്ക് സർക്കസിൽ – ഒരു മതപരമായ ഘോഷയാത്രയ്‌ക്കിടെ രാമനവമി ഭക്തരുടെ വാഹനങ്ങൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല,” പാർട്ടി ട്വീറ്റ് ചെയ്തു. വിഷയം അന്വേഷിക്കാൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാത്രമാണ് സംഭവത്തിൽ പൊലീസിന്റെ വിശദീകരണം.