ഡൽഹി: പാർലമെൻ്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ച വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. .ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ ഭരണത്തിലും നിയന്ത്രണത്തിലും പരിഷ്കാരം വരുത്തുന്നതാണ് നിയമം. ഏപ്രിൽ മൂന്നിനും നാലിനുമായാണ് ഇരു സഭകളിലും ബിൽ പാസായത്.
നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയിട്ടുമുണ്ട്. ഇരുസഭകളിലും 12 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് ലോക്‌സഭയിലും രാജ്യസഭയിലും വഖ്ഫ് (ഭേദഗതി) ബിൽ പാസാക്കിയത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പും മേൽനോട്ടവും നിയന്ത്രിക്കുന്ന 1995 ലെ വഖഫ് നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ഈ നിയമം. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളുടെ പരിപാലനം, തർക്ക പരിഹാരം, മേൽനോട്ട സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഈ ഭേദഗതിയിൽ ഉൾപ്പെടുന്നു.
നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, എല്ലാ സംസ്ഥാന വഖഫ് ബോർഡുകളും വഖഫ് സ്വത്തുക്കളുടെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് ഒരു കേന്ദ്രീകൃത പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. നിയുക്ത വഖഫ് ട്രൈബ്യൂണലുകൾ വഴി തർക്കങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായ ഒരു സംവിധാനം സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നു.
വഖ്ഫ് ബോർഡുകളുടെ ഓഡിറ്റുകൾ കൃത്യമായ ഇടവേളകളിൽ നടത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തിക ദുർവിനിയോഗം അല്ലെങ്കിൽ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന കേസുകളിൽ ശിക്ഷാനടപടികൾക്കുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. പ്രാദേശിക വഖ്ഫ് മാനേജ്മെന്റ് കമ്മിറ്റികളുടെ ഘടനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ കമ്മിറ്റികളിൽ ദാതാക്കളുടെ കുടുംബങ്ങളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നുമുള്ള പ്രാതിനിധ്യം സംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്ത നിയമത്തിൽ ഉൾപ്പെടുന്നു.















