മോസ്കോ : രണ്ടാം ലോക മഹായുദ്ധത്തിൽ ജർമൻ പടയെ കീഴ്പ്പെടുത്തി റഷ്യൻ സൈന്യം നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. മേയ് ഒമ്പതിനാണ് റഷ്യയിൽ വിജയദിന പരേഡ് നടക്കുന്നത്. പരേഡിൽ നരേന്ദ്രമോദിയെ ക്ഷണിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിലേക്ക് ഔദ്യോഗിക ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
വിജയദിന പരേഡിന്റെ ഭാഗമായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. റഷ്യയുടെ ഈ വർഷത്തെ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നിരവധി സൗഹൃദ രാജ്യങ്ങളിലെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗായിരിക്കും ചടങ്ങിൽ പങ്കെടുക്കുകയെന്നാണ് വിവരം.
1945 ജനുവരിയിലാണ് റഷ്യയുടെ സോവിയേറ്റ് യൂണിയൻ ജർമനിക്കെതിരെ ആക്രമണം നടത്തിയത്. തുടർന്ന് നാല് മാസത്തെ നീണ്ട മഹായുദ്ധത്തിന് ശേഷം മേയ് ഒമ്പതിന് യുദ്ധം അവസാനിപ്പിച്ചു. ഈ ദിവസത്തെയാണ് വിജയദിനമായി റഷ്യ ആഘോഷിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഈ വർഷം അവസാനം പുടിൻ ഇന്ത്യ സന്ദർശിക്കും. എന്നാൽ കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല.