മുല്ലൻപൂരിൽ നടന്ന ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 111 റൺസ് പ്രതിരോധിച്ച് ജയിച്ച് ഐപിഎല്ലിൽ എക്കാലത്തെയും മികച്ച റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ്. ഒരു ടീം പ്രതിരോധിച്ച് ജയിക്കുന്ന ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. എംഎസ് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നേടിയ 16 വർഷം പഴക്കമുള്ള റെക്കോർഡാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീം തകർത്തത്. മത്സരം പഞ്ചാബ് 16 റൺസിന് വിജയിച്ചു.
മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ് 2009-ൽ ഡർബനിലെ കിംഗ്സ്മീഡ് സ്റ്റേഡിയത്തിൽ പിബികെഎസിനെതിരെ (കിംഗ്സ് ഇലവൻ പഞ്ചാബ്) 116 റൺസ് വിജയലക്ഷ്യം പ്രതിരോധിച്ച് (സിഎസ്കെ) റെക്കോർഡിട്ടിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസിന്റെയും ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ചതിന്റെയും റെക്കോർഡ് ഇപ്പോൾ പഞ്ചാബിന് സ്വന്തമായി. 2024 സീസണിൽ കൊൽക്കത്തയ്‌ക്കെതിരെയായിരുന്നു പഞ്ചാബ് 262 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചത്
പഞ്ചാബ് കിംഗ്‌സിന് ഇപ്പോൾ നാല് വിജയങ്ങളും രണ്ട് തോൽവികളുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 245 റൺസ് നേടിയിട്ടും ഇത് പ്രതിരോധിച്ച് വിജയിക്കാൻ പഞ്ചാബിന് കഴിഞ്ഞിരുന്നില്ല. അതിനുപിന്നാലെയാണ് കുറഞ്ഞ വിജയലക്ഷ്യം പ്രതിരോധിച്ച് പഞ്ചാബ് ശക്തമായി തിരിച്ചുവന്നിരിക്കുന്നത്