പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരതയ്‌ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് ആദരാമർപ്പിച്ചും ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചും ജനങ്ങൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണക്കാരും വഴിയോര കച്ചവടക്കാരും ഉൾപ്പെടയുള്ളവർ പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി തെരുവിൽ അണിനിരന്നു.
ആക്രമണത്തെ അപലപിച്ച ജനങ്ങൾ സൈന്യത്തിനും സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികളും വ്യവസായ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ജമ്മുവിൽ വിവിധ ഹിന്ദു സംഘടനകളും ബിജെപി നേതാക്കളും പ്രതിഷേധിച്ചു. വ്യാപാരികളുടെയും വ്യവസായികളുടെയും പ്രധാന സംഘടനയായ ജമ്മു ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബുധനാഴ്ച ജമ്മു ബന്ദിന് ആഹ്വാനം ചെയ്തു. ദോഡ പട്ടണത്തിൽ ജനങ്ങൾ പ്രകടനം നടത്തുകയും പാകിസ്താന്റെ കോലം കത്തിക്കുകയും ചെയ്തപ്പോൾ, ആക്രമണത്തിൽ പ്രതിഷേധിച്ച് സനാതൻ ധരം സഭയുടെ കിഷ്ത്വാർ യൂണിറ്റ് ബന്ദിന് ആഹ്വാനം ചെയ്തു.
ജമ്മു നഗരത്തിലെ ഗുജ്ജർ നഗർ പ്രദേശത്ത് മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ കൂട്ടത്തോടെ തെരുവിലിറങ്ങി പാകിസ്താനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം കശ്മീരി ജനതയുടെ ആതിഥ്യമര്യാദയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അവർ ആരോപിച്ചു.
ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ ആരോപിച്ചു. “മേഖലയിൽ ഭിന്നത സൃഷ്ടിക്കാൻ ജമ്മു മേഖലയിലെ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചാണ് അവർ ആക്രമണം നടത്തുന്നത്,” അദ്ദേഹം പറഞ്ഞു. വരുത്തിയ നഷ്ടം പരിഹരിക്കാനാവില്ലെന്നും സുരക്ഷാ സേന എല്ലാ കുറ്റവാളികളെയും വധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.