പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ പ്രമീയർ ലീഗും. ഇന്ന്
രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ താരങ്ങളും അമ്പയർമാരും മാച്ച് ഓഫിഷ്യൽസും കറുത്ത ആം ബാൻഡ് അണിഞ്ഞാകും ഗ്രൗണ്ടിലെത്തുക. മത്സരത്തിന് മുൻപ് ഒരു മിനിട്ട് മൗനാചരണവും നടക്കും. ആദരസൂചകമായി ഇന്നത്തെ മത്സരത്തിൽ നിന്ന് വെടിക്കെട്ടും ചിയർഗേൾസിനെയും ഒഴിവാക്കിയിട്ടുണ്ട്.
പഹൽഗാമിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് നിരപരാധികളായ ടൂറിസ്റ്റുകൾ ഭീകരാക്രമണത്തിന് ഇരയാകുന്നത്. 27 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ബൈസരൻ താഴ്വരയിലാണ് ഇവർ വെടിയേറ്റ് വീണത്. കാട്ടിൽ നിന്ന് പാഞ്ഞടുത്ത ഭീകരരാണ് ഇവരുടെ പേരും മതവും ചോദിച്ച് ഉറപ്പിച്ച ശേഷം തുരുതുരെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്.
ക്രിക്കറ്റ് താരങ്ങൾ രൂക്ഷമായ ഭാഷയിൽ ആക്രമണത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നിലുള്ളവർക്ക് കർശനമായ തിരിച്ചടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.















