ഭാവന കേന്ദ്രകഥാപാത്രമായ ഷാജികൈലാസ് ചിത്രം ഹണ്ട് ഒടിടിയിലേക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിയേറ്ററിലെത്തിയ ചിത്രമാണ് എട്ടുമാസങ്ങൾക്കിപ്പുറം ഒടിടിയിലെത്തുന്നത്. തിയേറ്ററിൽ തകർന്ന ചിത്രത്തിന് ബോക്സോഫീസിൽ നിന്ന് നേടാനായത് 32 ലക്ഷം രൂപ മാത്രമായിരുന്നുവെന്ന് സാക്നിൽക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹൊറർ പശ്ചാത്തലത്തിലൊരുക്കിയ എന്റർടൈനർ ചിത്രം പ്രേക്ഷകർ കൈവിടുകയായിരുന്നു. ഒടിടിയിലെത്തുമ്പോൾ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അതേസമയം തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിൽ ഭാവനയ്‌ക്കൊപ്പം
രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ്, അതിഥി രവി, രൺജി പണിക്കർ,നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലെത്തി.ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.നിഖിൽ ആനന്ദിൻ്റേതായിരുന്നു തിരക്കഥ.ഛായാഗ്രഹണം ജാക്സണ്‍ ജോൺസൺ, എഡിറ്റിംഗ് എ ആർ അഖിൽ. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനായിരുന്നു നിര്‍മാണം.















