ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ പാകിസ്താൻ സൂപ്പർ ലീഗിന്റ കവറേജ് അവസാനിപ്പിച്ചു. പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്. സോണി സ്പോർട്സും ഫാൻകോഡുമാണ് കവറേജ് താത്കാലികമായി നിർത്തിയത്. പാകിസ്താൻ സൂപ്പർ ലീഗിന്റെ ഡിജിറ്റൽ പാർട്ണറായ ഫാൻകോഡ് സ്ട്രീമിംഗ് മാത്രമല്ല അവസാനിപ്പിച്ചത്.ആപ്പിലും വെബ്സൈറ്റിലുമുണ്ടായിരുന്ന ലീഗിന്റെ എല്ലാ സെക്ഷനുകളും എടുത്തുകളഞ്ഞു.
ഭീകരാക്രമണ പശ്ചാത്തലത്തിൽ 23-ാം തീയതിലെ മത്സരവും ഫാൻകോഡ് സംപ്രേഷണം ചെയ്തിരുന്നില്ല. പിഎസ്എല്ലുമായി ബന്ധപ്പെട്ട എല്ലാ കണ്ടന്റുകളും സോണി വെബ്സൈറ്റ് നീക്കം ചെയ്തു. സോണി സ്പോർട്സിനാണ് പിഎസ്എൽ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിന് അവകാശമുള്ളത്.
അതേസമയം നിർത്തലാക്കിയ സംപ്രേഷണം വീണ്ടും ആരംഭിക്കുമോ എന്ന കാര്യം ഫാൻകോഡോ സോണിയോ വ്യക്തമാക്കിയിട്ടില്ല. ഹീനമായ ആക്രമണത്തിൽ രാജ്യം വലിയൊരു നടുക്കത്തിലാണ്. നയതന്ത്ര തിരിച്ചടികൾ നൽകിയ ഇന്ത്യ കൂടുതൽ നടപടി സ്വീകരിക്കുന്നതിനുള്ള ചിന്തകളിലാണ്.