ബെംഗളൂരു: കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചതിന് യുവാവിനെതിരെ കേസ്. നിച്ചു മംഗളൂരു എന്ന ഫെയ്സ്ബുക്ക് ഉപഭോക്താവിനെതിരെയാണ് കേസെടുത്തത്. ഉള്ളാൾ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുവാവ് പങ്കുവച്ച പോസ്റ്റ് സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും കലാപത്തിന് പ്രേരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. യുവാവ് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സമൂഹത്തിന്റെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു.
പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പരാതിക്കാരൻ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ യുവാവിന്റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.