ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തുടർച്ചയായ ഏഴാം തോൽവി വഴങ്ങിയതിനുപിന്നാലെ ടീമിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ബൗളർമാർ കളി വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും ബാറ്റർമാർ ആരും തിളങ്ങാത്തതാണ് സിഎസ്കെ ക്യാപ്റ്റനെ നിരാശപ്പെടുത്തിയത്. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ രചിൻ രവീന്ദ്രയെ പുറത്തിരുത്തി ഡിവാൾഡ് ബ്രെവിസിനെയും ദീപക് ഹൂഡയെയും ഉൾപ്പെടുത്തിയാണ് ചെന്നൈ ഇറങ്ങിയത്.
മാറ്റങ്ങൾ വരുത്തിയെങ്കിലും, ടീമിന് മികച്ച തുടക്കം നൽകാൻ സിഎസ്‌കെ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ഇന്നിംഗ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഷെയ്‌ക്ക് റഷീദിന്റെ വിക്കറ്റ് നഷ്ടമായി. മത്സരശേഷം ടീമിലെ ബാറ്റർമാരെ വിമർശിക്കുന്നതിൽ ധോണി മടി കാണിച്ചില്ല. “ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നു, ആദ്യ ഇന്നിംഗ്സിൽ വിക്കറ്റ് അൽപ്പം മെച്ചപ്പെട്ടിരുന്നു, 155 റൺസ് എന്നത് ന്യായീകരിക്കാവുന്ന സ്കോറല്ല, ഞങ്ങൾക്ക് ബോർഡിൽ കുറച്ച് കൂടുതൽ റൺസ് ഇടാമായിരുന്നു,”ധോണി പറഞ്ഞു.
സിഎസ്കെയുടെ അരങ്ങേറ്റക്കാരനായ ഡിവാൾഡ് ബ്രെവിസ് 25 പന്തിൽ നിന്ന് 42 റൺസ് നേടി മധ്യനിരയിൽ സ്ഥിരത കൊണ്ടുവന്നു. എന്നാൽ ബ്രെവിസ് ഒഴികെ മറ്റാരും ടീമിന് ആവശ്യമായ വേഗതയിൽ കളിച്ചില്ല. ചെന്നൈയുടെ സ്പിന്നർമാർ മികച്ച തിരിച്ചടി നൽകി ടീമിനെ ദീർഘനേരം കളിയിൽ നിലനിർത്തിയെങ്കിലും, ഈ സീസണിൽ ബാറ്റർമാർക്ക് വേണ്ടത്ര റൺസ് നേടാൻ കഴിയുന്നില്ലെന്ന് ധോണി പറഞ്ഞു. “ഇതുപോലൊരു ടൂർണമെന്റിൽ കളിക്കുമ്പോൾ ഒന്നോ രണ്ടോ മേഖലകളിലാണ് കുഴപ്പമെങ്കിൽ അത് പരിഹരിക്കാൻ എളുപ്പമാണ്. എന്നാൽ നിങ്ങളുടെ ഭൂരിഭാഗം കളിക്കാരും മികച്ച ഫോമിലല്ലെങ്കിൽ അത് ബുദ്ധിമുട്ടായിരിക്കും,” സിഎസ്കെ ക്യാപ്റ്റൻ പറഞ്ഞു.















