ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിലാണ് മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി. ഇതുവരെ ഹൈദരാബാദിനായി കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം താരം പങ്കുവച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നതിന്. ചെന്നൈ സൂപ്പർകിങ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്കൊപ്പവും ചെന്നൈയുടെ മത്സരം കാണാനെത്തിയ തമിഴ്‍ സിനിമാതാരം അജിത് കുമാറിനൊപ്പവുമുള്ള ചിത്രങ്ങളാണ് സച്ചിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്.
ക്രിക്കറ്റിലെയും സിനിമയിലെയും ‘തല’ മാർക്കൊപ്പമുള്ള താരത്തിന്റെ ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. ഏപ്രിൽ 25 ന് നടന്ന ചെന്നൈ സൂപ്പർ കിങ്‌സ്- സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയാണ് ഇരുവരുമായും താരം സമയം ചിലവഴിച്ചത്. തനിക്കൊപ്പം ചേർന്ന് ഫോട്ടോയെടുക്കുകയും ചെന്നൈ ജേഴ്‌സിയിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്യുന്ന ധോണിയുടെ ചിത്രങ്ങൾ ‘തലദർശനം ‘ എന്ന അടിക്കുറിപ്പോടെയാണ് സച്ചിന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുപിന്നാലെ അജിത്തിനൊപ്പമുള്ള ചിത്രവുമെത്തി. നേരത്തെ മുംബൈക്കെതിരായ മത്സരത്തിനിടെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കൊപ്പമുള്ള തന്റെയും മകന്റെയും ചിത്രവും താരം പങ്കുവച്ചിരുന്നു