പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ പങ്കുകൾ വെളിവായതോടെ ഏഷ്യാകപ്പ് റദ്ദാക്കാൻ തീരുമാനിച്ചേക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധം മോശമായിരുന്നു. പാകിസ്താന്റെ ഒത്താശയോടെ എത്തിയ ഭീകർ 26 നിരപരാധികളെയാണ് കൊന്നൊടുക്കിയത്.
ഇതോടെ ഇന്ത്യ നയതന്ത്രപരമായി തിരിച്ചടിച്ചിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കുകയും പാകിസ്താൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി നേരിടുമെന്നാണ് വിവരം. 2012-13 സീസണ് ശേഷം ഇരുവരും ഒരു പരമ്പര കളിച്ചിട്ടില്ല. 2007-ലാണ് അവസാനമായി ഒരു ടെസ്റ്റ് പരമ്പര കളിച്ചത്. 2008ന് ശേഷം ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ടുമില്ല. പാകിസ്താനിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലാണ് നടന്നതും.
ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടൂർണമെന്റ് റദ്ദാക്കിയേക്കും. കാരണം ടൂർണമെന്റ് നടത്തിയാൽ ഇന്ത്യയും പാകിസ്താനും വീണ്ടും കളിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ അത് നടക്കുന്ന കാര്യമല്ലെന്നാണ് ബിസിസിഐ വ്യത്തങ്ങളെ ഉദ്ദരിച്ച് Cricket Adda വ്യക്തമാക്കുന്നത്.