ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രധാനമന്ത്രിയെ വിമർശിക്കാൻ ശ്രമിച്ച് കോൺഗ്രസ് സ്വയം വെട്ടിലായിരിക്കുകയാണ്. വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കാൻ ശ്രമിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ അമേഠി സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുൻപ് കോൺഗ്രസ് നേതാവിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ഭീകരവാദത്തിന്റെ കൂട്ടാളി, ‘ഇൻഡി സഖ്യത്തിന്റെ കൈ പാകിസ്താനൊപ്പം’ തുടങ്ങിയ പ്രതിഷേധ വാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ നഗരത്തിലെ പല സ്ഥലങ്ങളിലും കോൺഗ്രസ് ഓഫീസിനും പ്രാദേശിക ബസ് സ്റ്റാൻഡിനും സമീപത്തും പ്രത്യക്ഷപ്പെട്ടു.രാഹുൽ കഴിഞ്ഞ ദിവസം തന്റെ പാർലമെന്ററി മണ്ഡലമായ റായ്ബറേലിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേഠിയിലേക്ക് എത്തുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദിയെകാണാനില്ലെന്ന പോസ്റ്ററുമായി കോൺഗ്രസ് വിമർശനം തുടങ്ങിയെങ്കിലും അധികം വൈകാതെ ഇൻഡി മുന്നണിക്കുള്ളിലെ നേതാക്കൾ തന്നെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. മോദി ഒരിടത്തും പോയിട്ടില്ലന്നും ഡൽഹിയിത്തന്നെയുണ്ടെന്നും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള മറുപടി നൽകി. കോൺഗ്രസ് ഈ അവസരത്തിൽ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കരുതെന്ന് ബിഎസ്പി അദ്ധ്യക്ഷൻ മായാവതിയും മുന്നറിയിപ്പ് നൽകിയതോടെ കോൺഗ്രസ് ഒറ്റപ്പെട്ടു.















