ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമ്പോഴും അനാവശ്യ വിവാദങ്ങളും നിലപാടുകളും, ആവർത്തിച്ച് കോൺഗ്രസ്. ഇപ്പോഴിതാ കോൺഗ്രസ് എംപി ചരൺജിത് സിംഗ് ചന്നിയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. 2016 ൽ പാകിസ്താനെതിരെ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ് എംപി.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിന് ശേഷം വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ലെ ബാലകോട്ട് വ്യോമാക്രമണത്തെയും 2016 ലെ സർജിക്കൽ സ്ട്രൈക്കും പരാമർശിച്ച കോൺഗ്രസ് എംപി ഇതൊന്നും സംഭവിച്ചതിന് തെളിവില്ലെന്ന് ആരോപിച്ചു.
“നമ്മുടെ രാജ്യത്ത് ഒരു ബോംബ് വർഷിച്ചാൽ, നമ്മൾ അത് അറിയില്ലേ? പാകിസ്താനിൽ നമ്മൾ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് അവർ പറയുന്നു… ഒന്നും സംഭവിച്ചില്ല, സർജിക്കൽ സ്ട്രൈക്കുകൾ കാണാൻ കഴിഞ്ഞില്ല, ആരും അത് കണ്ടെത്തിയില്ല.” ചരൺജിത് സിംഗ് ഛന്നി പറഞ്ഞു.
കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സൈന്യത്തിന്റെയും വ്യോമസേനയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും തെളിവ് വേണമെങ്കിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കൊപ്പം പാകിസ്താൻ സന്ദർശിച്ച് അത് ഉറപ്പുവരുത്തണമെന്നും ഡൽഹിയിലെ ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.
“കോൺഗ്രസ് സൈന്യത്തെയും വ്യോമസേനയെയും വീണ്ടും ചോദ്യം ചെയ്തു. സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും തെളിവ് വേണമെന്നും ചരൺജിത് സിംഗ് ചന്നി വീണ്ടും പറഞ്ഞു. സൈന്യവും വ്യോമസേനയും കള്ളം പറയുകയാണെന്നും പാകിസ്താൻ സത്യം പറയുന്നുണ്ടെന്നും ആവർത്തിച്ച് ആരോപിക്കുന്ന കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എന്ത് മാനസികാവസ്ഥയാണ് ഉള്ളത്? ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് പാകിസ്താൻ തന്നെ പറഞ്ഞിട്ടും ഇതാണ് സ്ഥിതി” അദ്ദേഹം പറഞ്ഞു. തെളിവ് വേണമെങ്കിൽ, രാഹുൽ ഗാന്ധിയോടൊപ്പം പാകിസ്താൻ സന്ദർശിച്ച് സർജിക്കൽ സ്ട്രൈക്ക് എവിടെയാണ് നടന്നതെന്ന് അന്വേഷിക്കൂ,” അദ്ദേഹം കൂട്ടിച്ചേർത്തു.