ക്യാപ്റ്റനായിരുന്ന കാലത്ത് അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം വിരാട് കോഹ്ലി. മായന്തി ലാംഗറിന്റെ പോഡ് കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താൻ കരിയറിന്റെ ഒരു ഘട്ടത്തിൽ ആർ.സി.ബി വിടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായും പിന്നീട് അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നുമെന്നാണ് താരം വ്യക്തമാക്കിയത്.
എന്റെ കരിയറിൽ ഏറെ കാര്യങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ മാനസിക സംഘർഷം അതി കഠിനമായി. ഞാൻ ഏഴെട്ടുവർഷമായി ഇന്ത്യൻ ടീമിനെയും ഒൻപതു വർഷമായി ആർ.സി.ബിയെയും നയിക്കുന്നുണ്ടായിരുന്നു. ഞാൻ കളിക്കുന്ന എല്ലാ മത്സരത്തിലും എന്റെ മേൽ പ്രതീക്ഷയുടെ അമതിഭാരമുണ്ടായിരുന്നു.
ശ്രദ്ധ എന്നിൽ നിന്ന് മാറിയെന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നില്ല. അത് ക്യാപ്റ്റൻ സിയിൽ അല്ലായിരുന്നെങ്കിൽ ബാറ്റിംഗിലായിരുന്നുന്നു. പലപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിയിരുന്നു. 24 മണിക്കൂറും ഞാനായിരുന്നു ശ്രദ്ധാകേന്ദ്രം. അത് വളരെ കഠിനമായി തീർന്നു. അത് അവസാനിപ്പിക്കാനാണ് ഞാൻ നായക പദവി ഒഴിഞ്ഞത്. എനിക്ക് സന്തോഷമായൊരു ഇടം കണ്ടെത്തണമായിരുന്നു. എന്റെ ഗെയിമിൽ ശ്രദ്ധകേന്ദ്രീകരിക്കണമായിരുന്നു.
ഐപിഎല്ലിലെ ഏന്റെ ഏറ്റവും മികച്ച (2016-19) കാലഘട്ടത്തിൽ ആർ.സി.ബി വിടാനുള്ള ചിന്തയുണ്ടായിരുന്നു. അതിനുള്ള ഉപദേശങ്ങളും നിർദേശങ്ങളും ലഭിച്ചിരുന്നു. പുതിയൊരു ടീമിലേക്ക് പോയാൽ വീണ്ടും ഒന്നുമുതൽ തുടങ്ങണമെന്ന ചിന്തവന്നു. അപ്പോഴാണ് ആർ.സി.ബിയുമായുള്ള ബന്ധം എത്രമാത്രം ആഴത്തിലാണെന്ന് മനസിലാക്കിയത്. ആ ബന്ധവും പരസ്പര ബഹുമാനം തുടരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജയിച്ചാലും തോറ്റാലും ആർസിബിയാണ് എന്റെ കുടുംബം. —- കോഹ്ലി പറഞ്ഞു.















