ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമയുമായി അഭിപ്രായ വ്യത്യസങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഗൗതം ഗംഭീർ. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ആളുകൾ അവരുടെ ടിആർപി കൂട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമ്മയും തമ്മിൽ നല്ല ബന്ധമല്ലെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. മിക്ക തീരുമാനങ്ങളിലും ഇരുവരും യോജിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന വാർത്തകളും ഇത് ഡ്രസ്സിംഗ് റൂമിൽ താരങ്ങൾക്കിടയിൽ പ്രശ്‍നങ്ങൾക്കിടയാക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ഗൗതം ഗംഭീറും രോഹിത് ശർമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും അവസാന ടെസ്റ്റിൽ നിന്നും രോഹിതിനെ പുറത്തിരുത്തിയതിൽ ഗംഭീറിനും പങ്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഗംഭീറിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ചകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഗൗതം ഗംഭീർ പറഞ്ഞു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി അവർ നേടിയില്ലായിരുന്നുവെങ്കിൽ, ഇതിലും മോശമായ ചർച്ചകൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ഭാവിയെക്കുറിച്ച് ഗംഭീർ വ്യക്തമായ ഒരു പ്രസ്താവന നടത്തി
“അവർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന സമയം വരെ, അവർ ടീമിന്റെ ഭാഗമായിരിക്കണം. പ്രകടനം സെലക്ഷൻ ഉറപ്പാക്കുന്നു. അവർ മികച്ച പ്രകടനം കാഴ്ചവച്ചാൽ ഒരു പരിശീലകനോ സെലക്ടറോ ബിസിസിഐക്കോ പോലും ആരോടും കളി നിർത്താൻ പറയാനാവില്ല.” ഗംഭീർ പറഞ്ഞു. രണ്ട് ഡൽഹി പയ്യന്മാർ തമ്മിലുള്ള തമാശയെന്നാണ് കോലിയുമായുള്ള ബന്ധത്തെ ഗംഭീർ വിശേഷിപ്പിച്ചത്.