കുമളി: കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന് . വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് ഭക്തരെ കടത്തി വിടുക. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്‌ക്കും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു തീരുമാനമെടുത്തിരുന്നു.
കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് മംഗളദേവി ക്ഷേത്രം. ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ – വനം- പൊലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കര്‍ശന സുരക്ഷയിലാണ് ഉത്സവം നടത്തുന്നത്. ചിത്രാപൗര്‍ണമി ദിവസം രാവിലെ ആറു മണി മുതല്‍ ഭക്തര്‍ക്കായി കുമളിയില്‍ നിന്നും ജീപ്പുകള്‍ സര്‍വീസ് നടത്തും.

വഴിയില്‍ 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഡ്രോൺ ഉപയോഗിക്കാൻ അനുവദിക്കില്ല.ഡിസ്‌പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്രവാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരു ചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല.കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.ആര്‍ ടി ഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ ഈടാക്കാവുവെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വൈകിട്ട് 5.30 ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല. അതിനു മുന്‍പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം.















