ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി വിരമിക്കാനുള്ള തീരുമാനം കോലി ബിസിസിഐയെ അറിയിച്ചതായാണ് സൂചന. എന്നാൽ പരമ്പര ഇന്ത്യക്ക് നിർണായകമായതിനാൽ ബിസിസിഐ തീരുമാനത്തിൽ പുനർവിചിന്തനം നടത്താൻ താരത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമിനെ തീരുമാനിക്കാൻ സെലക്ടർമാർ യോഗം ചേരാനിരിക്കെയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രോഹിത്തിനുപിന്നാലെ കോലിയും പടിയിറങ്ങിയാൽ ടീമിനെ പ്രഖ്യാപിക്കുക സെലക്ടർമാർക്ക് അത്ര എളുപ്പമായിരിക്കില്ലെന്നാണ് സൂചന. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കോലി വിരമിക്കാൻ തീരുമാനിച്ചാൽ, ഇന്ത്യൻ ടെസ്റ്റ് ടീമിന് ബാറ്റിംഗ് യൂണിറ്റിൽ കാര്യമായ പരിചയസമ്പത്ത് ഇല്ലാതാകും. ഇതോടെ യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവരെ ആശ്രയിക്കേണ്ടിവരും.
ബോർഡർ-ഗവാസ്‌കർ ട്രോഫി അവസാനിച്ചതിനുശേഷം കോലി വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പരമ്പരയിലെ താരത്തിന്റെ നിരാശാജനകമായ പ്രകടനവും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം രോഹിത് ശർമ്മ താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ബാർബഡോസിൽ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന് ശേഷം കോലിയും രോഹിതും ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു.