ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്‌ക്കുന്ന പാകിസ്താൻ സൈന്യത്തിനും ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്ക് സമാധാനത്തോടെ ഇരിക്കാനും ശ്വസിക്കാനും കഴിയുന്ന ഒരു സ്ഥലവും പാകിസ്താനിൽ അവശേഷിക്കുന്നില്ലെന്ന് പാകിസ്താൻ സൈന്യത്തിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇന്ത്യക്ക് നേരെയൊരു ഭീകരാക്രമണമുണ്ടായാൽ അത് പാകിസ്താന്റെ സർവ്വനാശമായിരിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ സൈനികരെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരർ പാകിസ്താൻ സൈന്യത്തെ ആശ്രയിക്കുന്നു. എന്നാൽ ഇന്ത്യൻ സൈന്യവും വ്യോമസേനയും പാക്സിതാൻ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ആക്രമണാത്മക നയം പ്രധാനമന്ത്രി ആവർത്തിച്ച് പറഞ്ഞു.
“നമ്മൾ അവരുടെ വീടുകളിയിൽ കയറി വധിക്കും; ആർക്കും രക്ഷപ്പെടാൻ ഒരു അവസരവും നൽകില്ല.”
നൂതന ഡ്രോണുകളും മിസൈലുകളുമടങ്ങുന്ന ഇന്ത്യയുടെ അത്യാധുനിക സൈനിക ശേഷി ദിവസങ്ങളോളം പാകിസ്താൻന്റെ ഉറക്കം നഷ്ടപ്പെടുത്തും. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’ രീതിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
“ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ‘ലക്ഷ്മണ രേഖ ‘ ഇപ്പോൾ വളരെ വ്യക്തമാണ്. ഇനി മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ, ഇന്ത്യ മറുപടി നൽകും – ശക്തമായ മറുപടി. സർജിക്കൽ സ്‌ട്രൈക്കിലും വ്യോമാക്രമണത്തിലും നമ്മൾ ഇത് കണ്ടു. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പുതിയ സാധാരണ (New Normal) രീതിയാണ്.” പ്രധാനമന്ത്രി പറഞ്ഞു.
സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഈ സമയത്ത്, നമ്മുടെ സായുധ സേനകളുടെ ഏകോപനം ശരിക്കും അതിശയകരമായിരുന്നു. അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും – അവരുടെ ഏകോപനം അതിശയകരമായിരുന്നു. നാവികസേന കടലിനു മുകളിൽ ആധിപത്യം കാണിച്ചു, സൈന്യം അതിർത്തി ശക്തിപ്പെടുത്തി, ഇന്ത്യൻ വ്യോമസേന ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്തു. ബിഎസ്എഫും മറ്റ് സേനകളും അതിശയകരമായ കഴിവുകൾ പ്രകടിപ്പിച്ചു. സംയോജിത വ്യോമ, കര പോരാട്ട സംവിധാനം അത്ഭുതകരമായ പ്രവർത്തനം കാഴ്ചവച്ചു. ഇതാണ് സംയുക്തത. ഇത് ഇന്ത്യൻ സായുധ സേനയുടെ കഴിവിന്റെ ശക്തമായ ഒരു സ്വത്വമായി മാറിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു















