പട്ന: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ബിഹാർ. സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിഹാറിലെ കരസേന, സിഎപിഎഫ് സേനകളിലെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി എസ് സിദ്ധാർത്ഥ് അറിയിച്ചു.
ബിഹാർ സ്വദേശികളായ സൈനികരുടെ കുടുംബങ്ങൾക്കാണ് ധനസഹായം നൽകുക. ആഭ്യന്തര വകുപ്പിന്റെ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കുള്ള ആദരവാണ് ഈ ആനുകൂല്യമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ നടന്ന പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്മാരായ രാംബാബു സിംഗ്, മുഹമ്മദ് ഇംതിയാസ് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ധനസഹായം നൽകുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ ജവാന്മാരുടെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മുഹമ്മദ് ഇംതിയാസിന്റെ മകന് ജോലി നൽകാനും തീരുമാനമായി. ജവാന്മാരുടെ സംസ്കാര ചടങ്ങുകളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന മന്ത്രിസഭായോഗത്തിൽ 69 സുപ്രധാന തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടത്. സർക്കാർ ജീവനക്കാരുടെ ഡിയൻനെസ് അലവൻസ് വർദ്ധിപ്പിച്ചു, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് വായ്പ, പുതിയ പഞ്ചായത്ത് കെട്ടിടങ്ങൾ, വായ്പ അനുമതി, കാൻസർ പരിചരണ സൗകര്യങ്ങൾ, ഹൈക്കോടതി അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ നിരവധി പദ്ധതികളെ കുറിച്ച് തീരുമാനമായി.