പാലക്കാട്: തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പണവും സ്വർണവും പിടികൂടി. പാലക്കാട് വേലന്താവളത്തുനിന്നുമാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. കോയമ്പത്തൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
70 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ഇവരിൽ നിന്നും പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സ്ഥിരം പരിശോധനയ്‌ക്കിടെയാണ് അനധികൃത കടത്ത് കയ്യോടെ പൊക്കിയത്. ധരിച്ചിരുന്ന വസ്ത്രങ്ങളിൽ ഒളിപ്പിച്ചാണ് പ്രതികൾ ഇത്രയധികം പണവും സ്വർണവും കടത്താൻ ശ്രമിച്ചത്.
കോയമ്പത്തൂർ സ്വദേശിയാളായ സാഗർ, മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്. അടിവസ്ത്രങ്ങളിലെയും പ്രത്യേകം ഡിസൈൻ ചെയ്ത ജാക്കറ്റിലെയും രഹസ്യ അറകളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പ്രതികളിൽ ഒരാൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊര്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.