പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാമ്പെയിന് ഒരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടൂർണമെന്റോടെയാണ് പുതിയ സൈക്കിളിന് തുടക്കമിടുന്നത്. ജൂൺ 20ന് ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സ്ക്വാഡിനെ ഉടനെ പ്രഖ്യാപിക്കും.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം മുഖ്യ സെലക്ടറായ അജിത് അഗാർക്ക് മുഹമ്മദ് ഷമിയെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിൽ അതൃപ്തിയുണ്ടെന്നാണ്. താരത്തിന് ദീർഘമായ സ്പെല്ലുകൾ എറിയാനാകുമോ എന്ന ആശങ്ക ഇപ്പോഴും സെലക്ടർമാർക്കുണ്ട്.
34-കാരന് ദീർഘ സ്പെല്ലുകൾ എറിയാനാകില്ലെന്ന് ബിസിസിഐ മെഡിക്കൽ സംഘം ബോർഡിനെ അറിയിച്ചിട്ടുണ്ട്. ജസ്പ്രീത് ബുമ്രയ്‌ക്ക് ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളും കളിക്കാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം പൂർണ സജ്ജനല്ലാത്ത മറ്റൊരു ബൗളറുമായി ഇംഗ്ലണ്ടിലേക്ക് പോകാൻ ടീമും മാനജ്മെന്റും താത്പ്പര്യപ്പെടുന്നില്ല.
ഹൈദരാബാദ് താരമായ ഷമി ഐപിഎല്ലിൽ നാലോവർ എറിയുന്നുണ്ടെങ്കിലും താരത്തിന് ഒരു ദിവസം പത്തോവറിലധികം എറിയാനാകുമോ എന്ന കാര്യത്തിൽ ബോർഡിനും സെലക്ടർമാർക്കും സംശയമുണ്ട്. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ പേസർമാർക്ക് കൂടുതൽ സ്പെല്ലുകൾ എറിയേണ്ടി വന്നേക്കാം. അതിനാൽ കൂടുതൽ ചാൻസ് എടുക്കാനാകില്ല—ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം വ്യക്തമാക്കി.