വാഷിംഗ്ടണ്‍: ആപ്പിളിന് പിന്നാലെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിപണിയിലേക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ കൊറിയന്‍ കമ്പനിയും 25% ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. യുഎസില്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഏതൊരു ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും ഉയര്‍ന്ന താരിഫ് ബാധകമാകുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
‘ഇത് കൂടുതലായിരിക്കും. അത് സാംസംഗും ആ ഉല്‍പ്പന്നം നിര്‍മ്മിക്കുന്ന ആര്‍ക്കും ബാധകമായിരിക്കും. അല്ലെങ്കില്‍, അത് ന്യായമായിരിക്കില്ല… അവര്‍ ഇവിടെ പ്ലാന്റ് നിര്‍മ്മിക്കുമ്പോള്‍, താരിഫ് ഇല്ല,’ ട്രംപ് പറഞ്ഞു.
ആപ്പിളിന്റെ ഐഫോണുകള്‍ യുഎസില്‍ നിര്‍മ്മിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് സാംസംഗിനെ കൂടി താരിഫ് വലയിലേക്ക് കൊണ്ടുവരുമെന്ന ഭീഷണി ട്രംപ് മുഴക്കിയിരിക്കുന്നത്. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ പോസ്റ്റിന് പിന്നാലെ ആപ്പിളിന്റെ ഓഹരികള്‍ 2.6% ഇടിഞ്ഞ് ഏകദേശം 70 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചു.
പ്രധാന നിര്‍മാണം ചൈനയില്‍
ആപ്പിളിന്റെ ഏകദേശം 90% സ്മാര്‍ട്ട്‌ഫോണുകളും ചൈനയിലാണ് അസംബിള്‍ ചെയ്യുന്നത്. എന്നിരുന്നാലും, ചൈനയുമായുള്ള യുഎസിന്റെ വ്യാപാര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ പാദത്തില്‍ യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിച്ചവയായിരിക്കും എന്ന് ടിം കുക്ക് ഈ മാസം ആദ്യം പ്രസ്താവിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് എതിര്‍പ്പറിയിച്ച് ട്രംപ് രംഗത്തെത്തിയത്.
ചൈന വിട്ട് സാംസംഗ്
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനായി സാംസംഗ് ചൈനയെ ആശ്രയിക്കുന്നില്ല. കമ്പനിയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ബ്രസീല്‍ എന്നിവിടങ്ങളിലാണ് നടക്കുന്നത്. 2019 ല്‍ ചൈനയിലെ അവസാന ഫോണ്‍ നിര്‍മ്മാണ ഫാക്ടറിയും അടച്ചുപൂട്ടി സാംസംഗ് ചൈന വിട്ടിരുന്നു.