ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. കുടുംബസമേതമാണ് ഇരുവരും അയോദ്ധ്യയിലെത്തിയത്. ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സന്ദർശന വേളയിൽ, ഹനുമാൻ ഗർഹിയിലെ മഹന്ത് ഗ്യാൻ ദാസിന്റെ പിൻഗാമിയും സങ്കട് മോചന സേനയുടെ ദേശീയ പ്രസിഡന്റുമായ സഞ്ജയ് ധാതുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ഹനുമാൻ ഗർഹിയിലെ മുതിർന്ന പുരോഹിതൻ ഹേമന്ത് ദാസ് താരങ്ങളുടെ ദർശനത്തിനും പൂജകൾക്കും സൗകര്യമൊരുക്കി. വളരെ ലളിതമായ വസ്ത്രധാരണമായിരുന്നു ഇരുവരുടെയും. കോലി വെള്ള കുർത്തയും അനുഷ്‍ക ലാവെൻഡർ നിറത്തിലുള്ള സ്യൂട്ടുമാണ് ധരിച്ചിരുന്നത്.
മെയ് 23 ന് നടന്ന ആർസിബി vs എസ്‌ആർഎച്ച് മത്സരത്തിനായി അനുഷ്കയും കോലിക്കൊപ്പം ലഖ്‌നൗവിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ക്ഷേത്ര ദർശനം. അടുത്തിടെ ദമ്പതികൾ വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിനെയും സന്ദർശിച്ചിരുന്നു.
14 വർഷം നീണ്ടുനിന്ന തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശേഷമായിരുന്നു കോലി അനുഷ്കയ്‌ക്കൊപ്പം ഇവിടെയെത്തിയത്. 2017 ലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‍ക ശർമയുടെയും വിവാഹം. ദമ്പതികൾക്ക് വാമിക ,അകായ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഒരു മകളും മകനുമുണ്ട്.
Leave a Comment