ബെംഗളൂരു: ജാമ്യം ലഭിച്ച ശേഷം റോഡ് ഷോ നടത്തിയ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. വിവാദമായ ഹംഗൽ കൂട്ടബലാത്സംഗ കേസിലെ ഏഴ് പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴായിരുന്നു അവർ കാറുകളിൽ റോഡ് ഷോ നടത്തി വിജയം ആഘോഷിച്ചത്.
ഈ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി പ്രതികളെ ജൂൺ 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷു കുമാർ ശ്രീവാസ്തവ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹാവേരി സബ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതികളായ അഫ്താബ് ചന്ദനകാട്ടി, മദാർ സാബ് മണ്ടക്കി, സമിവുള്ള ലാലനവർ, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിഫ് ചോട്ടി, റിയാസ് സാവികേരി എന്നിവർ കാറുകളിലും ബൈക്കുകളിലും ജൈത്രയാത്രയിൽ പങ്കെടുത്തതിന്റെ വീഡിയോകളാണ് വൈറലായത്.ഹാവേരി സബ് ജയിലിൽ നിന്ന് ആരംഭിച്ച് ജയിലിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 25 കിലോമീറ്റർ അകലെയുള്ള അക്കി ആലൂർ പട്ടണത്തിലാണ് അവസാനിച്ചത്. അഞ്ച് വാഹനങ്ങളിലായി പ്രതികളും അനുയായികളുമുൾപ്പെടെ 20 ൽ അധികംപേരാണ് സഞ്ചരിച്ചത്. പ്രതികൾ അക്കി ആലൂരിലെ തെരുവുകളിലൂടെ പ്രകടനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രതികളുടെ ഈ പ്രകടനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നുള്ള നടപടികളിലാണ് 7 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാവേരി ജയിലിലേക്ക് അയച്ചത്.
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്ന വീഡിയോകൾ ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജനുവരി 7ന് ഒരു ഹോട്ടലിനുള്ളിൽ വച്ച് യുവതിയെയും പങ്കാളിയെയും സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് പ്രതികൾ സ്ത്രീയെ ഹോട്ടലിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നും അവർ മജിസ്‌ട്രേറ്റിന് മൊഴി നൽകി. പ്രതികളിൽ ചിലർ സ്ഥിരം കുറ്റവാളികളാണെന്നും ഹംഗൽ ഗ്രാമത്തിൽ സ്ത്രീകൾക്കെതിരായ അക്രമം, സദാചാര പോലീസിംഗ് തുടങ്ങിയ മറ്റ് കേസുകളിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ കോടതിയിൽ തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണ് ഹാവേരി സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്.