ജയ്പൂർ: ചാരവൃത്തി നടത്തുന്നതിന് ഇന്ത്യയിലെ മൊബൈൽ സിം കാർഡുകൾ വിതരണം ചെയ്ത യുവാവ് പിടിയിൽ. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ പ്രതിയെ പിടികൂടിയത്. പാകിസ്താനിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കാണ് പ്രതി സിം കാർഡുകൾ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഈ വർഷം മാർച്ചിലും കാസിം പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മൂന്ന് മാസത്തോളം പാകിസ്താനിൽ തങ്ങിയ ഇയാൾ ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈന്യത്തിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെയും കുറിച്ച് ഇയാൾ വിവരങ്ങൾ ശേഖരിച്ച് പാകിസ്താന് കൈമാറിയിരുന്നു. ഇതിനായാണ് ഇന്ത്യയിലെ സിം കാർഡുകൾ ഉപയോഗിച്ചത്. രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇന്ത്യയിൽ നിന്ന് വാങ്ങിയ സിം കാർഡുകൾ ചില ആളുകൾ വഴിയാണ് പാകിസ്താനിലേക്ക് എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ പഴുതടച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്താനാണ് തീരുമാനം.
ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സോഷ്യൽമീഡിയയിലൂടെ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാകും. അതിന് വേണ്ടി പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി സംഘം ബന്ധപ്പെട്ടിരുന്നു.















