ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ആഭ്യന്തര അന്വേഷണറിപ്പോർട്ട് പൂഴ്‌ത്തി ലോട്ടറിവകുപ്പ്.
തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ലോട്ടറി വകുപ്പിലെ ഉന്നതരുടെ പേരടക്കം പരാമർശിക്കുന്ന റിപ്പോർട്ടാണ് പുറം ലോകം കാണാതെ പൂഴ്‌ത്തിയത്.
ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെയും ലോട്ടറി വകുപ്പിന്റെ ഒളിച്ചുകളി.
ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്നും ജീവനക്കാരൻ നാല് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ജില്ലാ ലോട്ടറി ഓഫീസർ വൈ.മുഹമ്മദ് റിജാം കെഎഎസ് റിപ്പോർട്ട് സമർപ്പിച്ചത് 2025 ഏപ്രിൽ 14ന്. പണം തട്ടിയ ക്ലർക്ക് കെ സംഗീതിനൊപ്പം ക്ഷേമനിധി ബോർഡിലെ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കൂടി ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ചെക്ക്ബുക്ക് രജിസ്റ്റർ, ക്യാഷ്ബുക്ക് തുടങ്ങിയ രേഖകളിൽ കൃത്രിമത്വം വരുത്താൻ സംഗീതിന് ഒറ്റയ്‌ക്ക് കഴിയില്ലെന്നായിരുന്നു കണ്ടെത്തൽ. ഒപ്പം സ്റ്റേറ്റ് വെൽഫയർ ഓഫീസർ ഒപ്പിട്ട ശേഷമാണ് ചെക്കുകൾ ക്ലർക്ക് കെ സംഗീത് ബാങ്കിന് കൈമാറിയതും പണം തട്ടിയതും. ഇതെല്ലാം ജൂനിയർ സൂപ്രണ്ട്, നോഡൽ ഓഫീസർ, സ്റ്റേറ്റ് വെൽഫയർ ഓഫീസർ എന്നിവരടക്കമുള്ള മറ്റുദ്യോഗസ്ഥരുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതും.
7 പേർക്കെതിരെയും നടപടിയും തുടരന്വേഷണവും ശുപാർശ ചെയ്ത ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് പക്ഷേ ലോട്ടറി വകുപ്പ് പൂഴ്‌ത്തി. റിപ്പോർട്ട് ലഭിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തട്ടിപ്പിൽ തുടർ പരിശോധനകൾക്കും വകുപ്പ് തയ്യാറായിട്ടില്ലെന്നതാണ് കൗതുകം. ആരോപണവിധേയനായ അന്നത്തെ വെൽഫയർ ഓഫീസർ നിലവിൽ ലോട്ടറി വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ്. ഇദ്ദേഹമടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും ഭരണാനുകൂല സംഘടനകളിൽപ്പെട്ടവരാണ്. ഇതും ലോട്ടറി വകുപ്പിന്റെ ഒളിച്ചുകളിക്ക് പിന്നിലുണ്ട്.