കൊല്ലം: റാപ്പർ വേടനെതിരെ പരാമർശം നടത്തിയെന്ന കേസിൽ കേസരി മുഖ്യപത്രാധിപർ ഡോ. എൻ. ആർ മധുവിന് ജാമ്യം. കൊല്ലം കിഴക്കേ കല്ലട സ്റ്റേഷനിലായിരുന്നു സിപിഎം നേതാക്കൾ പരാതി നൽകിയിരുന്നത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുതന്നെ നിൽക്കുമെന്നും വേടനെന്ന കലാകാരനെയല്ല, പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയത്തെയാണ് എതിർക്കുന്നതെന്നും ഡോ. എൻ ആർ മധു പറഞ്ഞു.
ഈ കാലഘട്ടത്തിൽ അനൈക്യമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അനുകൂലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വേടനെ മുൻ നിർത്തി ഹൈന്ദവ സമൂഹത്തിൽ ജാതീയമായ വേർതിരിവുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. കലാപരമായി കഴിവുകൾ ഉള്ള ഒട്ടേറെ പ്രതിഭകൾ ഉണ്ട്. നാടിന്റെ ഐക്യത്തിനായി പ്രവർത്തിക്കുന്നവരെ പിന്തുണയ്‌ക്കുമെന്നും കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കേ കല്ലടയിൽ പ്രസംഗത്തിനിടെ റാപ്പർ വേടനെ പരാമർശിച്ചതിൽ സിപിഎം ലോക്കൽ സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുമാണ് ഡോ. എൻ. ആർ മധുവിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തു. സ്റ്റേഷനിലെത്തിയ ഡോ. എൻ ആർ മധുവിന് സ്റ്റേഷൻ ജാമ്യം അനുവദിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.















