ന്യൂഡൽഹി: അൾജീരിയയിൽ ഭീകരർക്ക് പിന്തുണ നൽകുന്ന പാകിസ്താന്റെ കപടമുഖം തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ഭീകരവിരുദ്ധ സർവകക്ഷി സംഘത്തിലെ അംഗമാണ് ഒവൈസി. ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവേ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാക്കിയൂർ റഹ്മാൻ ലഖ്‌വി ജയിലിൽ ആയിരുന്നപ്പോൾ പാകിസ്ഥാൻ പ്രത്യേക പരിഗണന നൽകിയതിന്റെ ഉദാഹരണം ഹൈദരാബാദ് എംപി ചൂണ്ടിക്കാട്ടി.
ലഖ്‌വിയെപ്പോലുള്ള ഒരു കൊടുംഭീകരന് തടവിൽ കഴിയുമ്പോൾ പിതാവാകാൻ അനുവദിച്ച പാക് ഭരണകൂടത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു.
“സാക്കിയുർ റഹ്മാൻ ലഖ്‌വി എന്നൊരു ഭീകരൻ ഉണ്ടായിരുന്നു – ലോകത്തിലെ ഒരു രാജ്യവും തീവ്രവാദ കുറ്റം നേരിടുന്ന ഒരു ഭീകരനെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. എന്നാൽ പാക് ജയിലിൽ ആയിരിക്കുമ്പോൾ അയാൾ ഒരു മകന്റെ പിതാവായി,” ഒവൈസി പറഞ്ഞു.
പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആഗോള സമൂഹത്തോടും ആഗോള ഭീകര വിരുദ്ധ ധനസഹായ സ്ഥാപനത്തോടും അഭ്യർത്ഥിച്ചു. തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാനെ ഒവൈസി രൂക്ഷമായി വിമർശിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്നതിലൂടെ അവർ ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“പാകിസ്ഥാൻ തക്ഫീരിസത്തിന്റെ പ്രഭവകേന്ദ്രമാണ്, പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളും ഐ.എസ്., അൽ-ഖ്വയ്ദയും തമ്മിൽ പ്രത്യയശാസ്ത്രത്തിൽ വ്യത്യാസമില്ല. അവർക്ക് മതപരമായ അനുമതിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു, അത് പൂർണ്ണമായും തെറ്റാണ്,” അൾജീരിയയിൽ ഒവൈസി പറഞ്ഞു.















