11 പേരുടെ ജീവൻ പൊലിഞ്ഞ ബെംഗളൂരു ദുരന്തത്തിൽ ഇന്ത്യൻ താരം വിരാട് കൊഹ്ലിക്കെതിരെ പരാതി. കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ സോഷ്യൽ ആക്ടിവിസ്റ്റ് എച്ച് എം വെങ്കിടേഷാണ് പരാതി നൽകിയത്. ഐപിഎല്ലിലൂടെ ചൂതാട്ടം പ്രോത്സാഹിപ്പിച്ചു. ഇതിലൂടെ ദുരന്തത്തിലേക്ക് നയിക്കുന്നവിധം വലിയ ജനക്കൂട്ടത്തെ തെരുവിലെത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് കൊഹ്ലിക്കെതിരെ സാമൂഹിക പ്രവർത്തകൻ ഉയർത്തിയിരിക്കുന്നത്.
“ഐപിഎൽ ഒരു കായിക വിനോദമല്ല, മറിച്ച് ക്രിക്കറ്റിനെ മലിനമാക്കിയ ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തിൽ പങ്കെടുത്ത് ദുരന്തമുണ്ടാകുംവിധം വലിയൊരു ആൾക്കൂട്ടത്തെ സൃഷ്ടിച്ചതിൽ പ്രമുഖൻ ആർ.സി.ബിയുടെ വിരാട് കൊഹ്ലിയാണ്. വിരാടിനെയും ടീം അംഗങ്ങളെയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ്” പരാതി. ഇപ്പോൾ ലഭിച്ച പരാതി നേരത്തെ രജിസ്റ്റർ ചെയ്ത കേസിനൊപ്പം പരിഗണിക്കുമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നാലുപേരെ ബെംഗളൂരു സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ആർ.സി.ബിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ നിഖിൽ സോസാലെയെ ഉൾപ്പടെ നാലുപേരെയാണ് റിമാൻഡ് ചെയ്തത്.















