110 അക്കൗണ്ടുകളിൽ നിന്നായി 4.58 കോടി രൂപ തട്ടിച്ച ബാങ്ക് മാനേജർ അറസ്റ്റിലായി. ഐസിഐസിഐ ബാങ്ക് രാജസ്ഥാൻ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജർ സാക്ഷി ഗുപ്തയാണ് അറസ്റ്റിലായത്. തട്ടിച്ച എല്ലാ പണവും ഇവർ ഓഹരി വിപണയിൽ നിക്ഷേപിക്കാനാണ് വിനിയോഗിച്ചത്. ഈ തുക ഒരുരൂപ പോലുമില്ലാതെ എല്ലാം നഷ്ടമായെന്നാണ് പൊലീസ് കണ്ടെത്തൽ. 43 ഇടപാടുകാരുടെ 110 അക്കൗണ്ടുകളിൽ നിന്നാണ് ഇവർ ഇത്രയും തുക തട്ടിച്ചത്. ഇതല്ലൊം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നു. ഇടപാടുകാരോ ഉദ്യോഗസ്ഥരോ അറിയാതെയായിരുന്നു ഇവരുടെ തട്ടിപ്പ്.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇടപാടുകരുടെ നമ്പർ മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പണമിടപാടിന്റെ സന്ദേശം എത്താതിരിക്കാനായിരുന്നു. ബന്ധുക്കളുടെ നമ്പരാണ് പകരം യുവതി നൽകിയത്. ചില അക്കൗണ്ടുകളുടെ പിൻ നമ്പരും ഇവർ മാറ്റിയിരുന്നു. 2020 മുതൽ 2023 വരെയായിരുന്നു തട്ടിപ്പ്.
സാങ്കേതിക പരിജ്ഞാനം കുറവുള്ള പ്രായമായ ഇടപാടുകാരെയാണ് ഇവർ ലക്ഷ്യമാക്കിയിരുന്നത്. ഒരു വയോധികയുടെ അക്കൗണ്ടാണ് ഇവർ പൂൾ അക്കൗണ്ടാക്കിയത്. മൂന്നു കോടി രൂപയുടെ കൈമാറ്റം ഇതിലൂടെ നടത്തി.
31 അക്കൗണ്ടുകളിൽ നിന്ന് കാലവധി എത്താത്ത നിക്ഷേപങ്ങളും ഇവർ പിൻവലിച്ചു. ഇതിലൂടെ 1.34 കോടി രൂപയാണ് ഇവർ തട്ടിച്ചത്. കൂടാതെ 3.40 ലക്ഷത്തിന്റെ പഴ്സണൽ ലോണും ഇവർ എടുത്തിരുന്നു. ഒന്നരലക്ഷം രൂപയുടെ നിക്ഷേപം തന്റെ അംഗീകാരമില്ലതെ പിൻവലിച്ചെന്ന അറിഞ്ഞ ഇടപാടുകാരൻ ബാങ്കിലെത്തിയതോടെയാണ് ഇവരുടെ കള്ളി പൊളിഞ്ഞത്. ഇതോടെ ബ്രാഞ്ച് മാനേജർ പൊലീസിനെ സമീപിച്ചു. സാക്ഷി ഗുപ്തയെ മേയ് 31ന് അറസ്റ്റ് ചെയ്തു. മറ്റാർക്കെങ്കിലും തട്ടിപ്പിൽ ബന്ധമുണ്ടോയെന്ന് പൊ ലീസ് അന്വേഷിക്കുകയാണ്. ബാധ്യതപ്പെട്ടവരുടെ നഷ്ടം നികത്തുമെന്ന് ബാങ്ക് അറിയിച്ചു.















