തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് പരിശീലകനെതിരെ പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ. ജൂൺ ഒന്നിന് നടന്ന വിഗ്നെ കപ്പ് മത്സരത്തിനിടെയാണ് സംഭവം. ഹരാരെ മെട്രോപൊളിറ്റൻ ക്രിക്കറ്റ് അസോസിയേഷനാണ് താരം പരാതി നൽകിയിരിക്കുന്നത്.
ഓൾഡ് ഹരാരിയൻസ് സ്പോർട്സ് ക്ലബ്ബിലാണ് സംഭവം. സിക്കന്ദർ റാസ ഓൾഡ് ഹരാരിയൻസിനെ പ്രതിനിധീകരിച്ച് റെയിൻബോ ക്രിക്കറ്റ് ക്ലബ്ബിനെതിരെ കളിക്കാനിറങ്ങിയിരുന്നു. ഒരു ടീമിന്റെ പരിശീലകനിൽ നിന്നാണ് അധിക്ഷേപം ഉണ്ടായതെന്നും തന്റെ ഇന്നിംഗ്‌സിന് ശേഷം മൈതാനത്ത് നിന്ന് ഇറങ്ങിപ്പോകുമ്പോഴാണ് ഇത് സംഭവിച്ചതെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് താരത്തിന്റെ ആവശ്യം.
“കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ തലമുറയ്‌ക്കും വരും തലമുറയ്‌ക്കും മാതൃകാപരമായ ശിക്ഷാനടപടിയുണ്ടാകണം,”സിക്കന്ദർ പ്രതികരിച്ചു.
സിംബാബ്‌വെയ്‌ക്കായി അന്താരാഷ്‌ട്ര തലത്തിൽ 19 ടെസ്റ്റുകളിലും 151 ഏകദിനങ്ങളിലും 105 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള സിക്കന്ദർ റാസ മൂന്ന് ഫോർമാറ്റുകളിലുമായി യഥാക്രമം 1353, 4325, 2403 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ കളിച്ചിട്ടുള്ള മൂന്ന് സിംബാബ്‌വെക്കാരിൽ ഒരാളാണ് സിക്കന്ദർ റാസ. ഒരു മികച്ച ഓൾറൗണ്ടർ കൂടിയായ താരം ബൗളിങ്ങിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.