16 ദിവസം നീണ്ട അന്വേണത്തിനും, ഉത്തരമില്ലാതെ അവശേഷിച്ച ചോദ്യങ്ങൾക്കും ഒടുവിൽ മറുപടിയായി. മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്നെന്ന് പൊലീസ്. സോനം രഘുവംശിയെന്ന യുവതി ഗാസിപൂരിൽ പൊലീസ് പിടിയിലായതോടെയാണ് അതിക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഷില്ലോങിൽ കാണാതായ യുവതി പൊലീസ് പിടിയിലായത് ഭർത്താവിന്റെ മൃതദേഹം ചിറാപുഞ്ചിയിലെ മലയിടുക്കിൽ നിന്ന് കണ്ടെത്തിയതിന്റെ ഏഴാം ദിവസമാണ്. ബിസിനസുകാരനായ രാജ രഘുവംശിയെ കൊലപ്പെടുത്താൻ ഭാര്യ സോനമാണ് ക്വട്ടേഷൻ നൽകിയത്. രാജ് കുശ്വാഹ എന്ന യുവാവുമായി യുവതിക്കുണ്ടായിരുന്ന രഹസ്യബന്ധമായിരുന്നു കൊലയിലേക്ക് നയിച്ച കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. മേയ് 11 നായിരുന്നു ഇവരുടെ വിവാഹം. 20ന് ഹണിമൂണിനും പോയി.

മേയ് 23-നാണ് മേഘാലയിലെ സോഹ്റ ഏരിയയിൽ വച്ച് സോനത്തിനെയും ഭർത്താവിനെയും കാണതാകുന്നത്. ഇവരുടെ ചില സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവാവിന്റെ മൃതദേഹം ജൂൺ രണ്ടിന് മലയിടുക്കിൽ നിന്ന് കണ്ടെത്തുമ്പോൾ സോനം ധരിച്ചിരുന്ന വെള്ള ഷർട്ടാണ് അദ്ദേഹത്തിന്റെ ദേഹത്തുണ്ടായിരുന്നത്. ഒരു ടൂറിസ്റ്റ് ഗൈഡ് ഇവർക്കൊപ്പം മൂന്നുപേരെ കണ്ടിരുന്നതായി മൊഴി നൽകിയിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മേഘാലയ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകി അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രതികൾ പിടിയിലാകുന്നത്.















